ലേഖനം
- അടിസ്ഥാന കഥകളി സംഗീത അഭ്യസന സമ്പ്രദായം (a)വന്ദനശ്ലോകം ,തോടയം പുറപ്പാട്,മേളപ്പദം കഥകളിയിലെ കഥാപാത്രങ്ങള്‍പദങ്ങള്‍ മുദ്രകളിലൂടെ അവതരിപ്പിക്കുമ്പോള്‍ മുദ്രകള്‍ക്കൊപ്പം ഭാവവും പ്രകടിപ്പിക്കുന്നു. പാട്ടുകാരന്‍,പാടുന്ന പദങ്ങള്‍ക്കൊപ്പം സംഗീതം കൊണ്ട് ഭാവം കൊടുത്ത് നടനെ സഹായിക്കുന്നു.അതിനു ഗായകന്‍ സ്വയം ഉള്‍ക്കൊണ്ടു പാടുമെങ്കിലേ അനുഭവം ഉണ്ടാകൂ.ഒരു ഗായകനു അതിനുള്ള കഴിവു ലഭിക്കണമെങ്കില്‍ അടിസ്ഥാനപരമായ പരിശീലനവും ശബ്ദഗുണവും താള ബോധവും അത്യാവശ്യമാണു.കഴിവുള്ള ഒരു ഗുരുനാഥന്റെ കീഴിലുംശിക്ഷണത്തിലും നിരന്തരമായ കളരി പരിശീലനം കൊണ്ടും മാത്രമേ അതിനു കഴിയുകയുള്ളു.ഒരു കഥകളിസംഗീത വിദ്യാര്‍ത്ഥി കലാവാസനയും ക്ഷമാശീലവുംത്യാഗ മനസ്ഥിതിയും ഉള്ളവന്‍ ആയിരിക്കണം.ഗുരുനാഥന്റെ കീഴില്‍ അഭ്യസിച്ചു തുടങ്ങുന്നതോടെ ദിവസവും കാലത്ത് ചുരുങ്ങിയത് 2 മണിക്കൂര്‍ ഗുരുനാഥന്റെ സാന്നിദ്ധ്യത്തില്‍ സപ്തസ്വരങ്ങള്‍ ഗീതങ്ങള്‍ ,വര്‍ണ്ണങ്ങള്‍ എന്നിവ സാധകം ചെയ്യണം. പിന്നീട് തോടയം വന്ദനശ്ലോകങ്ങള്‍ പുറപ്പാട് എന്നിവയാണു അഭ്യസിക്കേണ്ടത്.അതു ഗുരുവിന്റെ കീഴില്‍ അഭ്യസിക്കുന്നതോടൊപ്പം കളരിയില്‍ ശങ്കിടി പാടി ശീലിക്കുന്നു.തോടയം ,പുറപ്പാട് ശീലിക്കുന്നതോടൊപ്പം കഥകളിയില്‍ പതിവുള്ള എല്ലാ താളങ്ങളുടേയും അതിന്റെ കാലത്തിന്റെയും അറിവു ലഭിക്കാന്‍ സാധിക്കുന്നു.അതിനാല്‍ തോടയം പുറപ്പാട് കൈകാര്യം ചെയ്യാന്‍ തയ്യാറാവണം. അതിനുള്ള സാഹചര്യവും ഉണ്ടാവണം. കഥകളി സംഗീതം ഒരു പാരമ്പര്യ സംഗീതമാണു.അതിനു ഒരു പ്രത്യേക ബാണി അഥവാ ശൈലി ആണു. അഷ്ടപതി പോലെ സോപാന സംഗീതത്തോട് ബന്ധപ്പെട്ടതാണു കഥകളി സംഗീതം. അതു സ്വരങ്ങള്‍ കൊണ്ട് ചിട്ടപ്പെടുത്തിയതല്ല.പാരമ്പര്യമായി കൈമാറുന്ന സമ്പ്രദായമാണു. തോടയം വന്ദനശ്ലോകം പുറപ്പാട് എന്നിവ രംഗ വന്ദനത്തിനുള്ള സന്ദര്‍ഭങ്ങള്‍ ആണു. അതിനാല്‍ പൊതുവെ ഭക്തി ഉള്‍ക്കൊണ്ട് പാടുകയേ വേണ്ടൂ. ഈ സന്ദര്‍ഭങ്ങളില്‍ മനോധര്‍മ്മമായി യാതൊന്നും ചെയ്യേണ്ട ആവശ്യമില്ല. എല്ലാ കലാകാരന്മാരുടേയും പ്രതിനിധിയായി പാട്ടുകാരന്‍ നടത്തുന്ന രംഗവന്ദനമാണു വന്ദന ശ്ലോകങ്ങള്‍.ഭക്തിരസത്തോടെ ആണു ഇതു പാടുന്നത്. നടന്മാരും മേളക്കാരും ഈ സന്ദര്‍ഭത്തെ ആദരിക്കുകയും ചെയ്യുന്നു. വന്ദനശ്ലോകങ്ങള്‍ക്ക് അടിസ്ഥാനമായി തന്നെ ഓരോ വരികള്‍ക്കും ഗതികളുടെ സമയം നിര്‍ണ്ണയിച്ചു കൊണ്ടാണു അഭ്യസിപ്പിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ ആ നിര്‍ണ്ണയം പാലിക്കേണ്ടതുണ്ട്.എങ്കില്‍ മാത്രമേ ഭക്തിഭാവം ഉണ്ടാവുകയുള്ളു.അല്ലാതെ ആലാപനം കൊണ്ട് വിക്ര് തമാക്കരുത്.
പുറപ്പാടിനു ശേഷം മേളപ്പദം അഭ്യസിക്കണം ചെമ്പ താളത്തില്‍ പല കാലങ്ങളിലായും പല രാഗങ്ങളില്‍ ആയും പാടി ഉറപ്പിച്ച ശേഷം ചെണ്ട മദ്ദള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കളരിയില്‍ ഇലത്താലം ഉപയോഗിച്ച് താളം പിടിച്ചു ശീലിക്കുകയാണു ചെയ്യുന്നത്. എന്നാലേ മേളവും താളവുമായുള്ള ബന്ധം മനസ്സിലാക്കാന്‍ കഴിയൂ. ഈ സമയം പാട്ടുകാരനായ ആശാനും മേളക്കാരനായ ആശാനും കളരിയില്‍ ഉണ്ടായിരിക്കണം.മേളപ്പദം നിരന്തരം ശീലിക്കുന്നത് നല്ലതാണു. അഭ്യസനം പൂര്‍ത്തിയായാല്‍ അരങ്ങേറ്റം നടത്താവുന്നതാണു .
കഥകള്‍ പാടി ശീലിക്കുന്നത് അത്യാവശ്യം താളങ്ങളും അത്യാവശ്യം രാഗങ്ങളും ശീലിച്ചാല്‍ ആദ്യം കോട്ടയം കഥകളിലെ കിര്‍മ്മീരവധം കഥയാണു സാധാരണ അഭ്യസിച്ചു തുടങ്ങുക.പതിഞ്ഞ കാലത്തിലുള്ള പദമാണ് ആദ്യം തുടങ്ങുക. ഗുരുനാഥന്‍ പാടിത്തന്ന അതേ ഭാവത്തോടുംചിട്ടയോടും കൂടി അഭ്യസിച്ച് പല തവണയായി പാടി ഉറപ്പിച്ച ശേഷം തുടര്‍ന്നുള്ള പദങ്ങളും പാടി ഉറപ്പിക്കുന്നു.ആ കഥ പാടാറായാല്‍ കളരിയില്‍ ശങ്കിടി ആയി പരിശീലിക്കുക. അതോടോപ്പം രംഗവിവരങ്ങളും താളം പിടിക്കാനുള്ള പരിശീലനവും ലഭിക്കുന്നു. ഇലത്താളം പിടിച്ചു ശീലിക്കാന്‍ കഴിയുന്നത്ര സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കണം. പാടുന്ന സമയം രണ്ടു കൈയിലായി തന്നെ ഇലത്താളം പിടിക്കണം. ഒറ്റക്കൈയിലായി ഇലത്താളം പിടിച്ചാല്‍ താളത്തിന്റെ കാലം നഷ്ടപ്പെടാന്‍ എപ്പോഴും സാദ്ധ്യതയുണ്ട്.മാത്രമല്ല അതു ശരിയുമല്ല. ഇങ്ങനെ ഗുരുവിന്റെ ശിക്ഷണവും കളരി പരിശീലനവും നിരന്തരം തുടര്‍ന്നു കൊണ്ടിരിക്കവേ സന്ദര്‍ഭം വരുമ്പോള്‍ തോടയം പുറപ്പാട് മേളപ്പദം എന്നിവ പൊന്നാനി പാടിത്തുടങ്ങാം. വളരെ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടും കൂടി മാത്രമേ ഈ സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാവൂ. വളരെക്കാലം ശങ്കിടി പാടി ശീലിച്ച് അതോടൊപ്പം രംഗ പരിചയം കഥാപരിചയം ചിട്ടകള്‍ സന്ദര്‍ഭങ്ങള്‍ എന്നിവ ഹ്ര്ദിസ്ഥമാക്കിയ ശേഷം മാത്രമേ ഒരു പൊന്നാനിപ്പാട്ടുകാരനായി കളരിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുകയുള്ളൂ.കളരിയില്‍ നിരന്തരമായ പരിശീലനം കൊണ്ടു മാത്രമേ അരങ്ങത്ത് ശങ്കിടിപ്പാട്ടുകാരനായി പ്രവര്‍ത്തിക്കാനാകൂ. അരങ്ങത്ത് ശങ്കിടി പാടി ശീലം വന്ന ശേഷം മാത്രമേ ഒരു പൊന്നാനിപ്പാട്ടുകാരനായി ചുമതല ഏല്‍ക്കാന്‍ കഴിയുകയുള്ളൂ. കോട്ടയം കഥകള്‍ ,തമ്പിയുടെ കഥകള്‍ എന്നിവയാണു അടിസ്ഥാനമായും ചിട്ടപ്രധാനമായും ഉള്ളത്. മറ്റു കഥകള്‍ ആയതിന്റെ വകഭേദങ്ങളാണു. അല്പം ചില പുതുമകള്‍ ഉണ്ടായേക്കാമെങ്കിലും,അവയെല്ലാം മേല്‍പ്പറഞ്ഞ കഥകള്‍ പാടി ശീലിച്ച ഒരാള്‍ക്ക് പാടി ഉറപ്പിക്കാന്‍ അധികം കഷ്ടപ്പെടേണ്ടതില്ല. ആവര്‍ത്തനങ്ങള്‍ കൊണ്ടും അരങ്ങുകള്‍ കൊണ്ടും സ്വാധീനം വരുത്താവുന്നതേയുള്ളൂ.
No comments:
Post a Comment