1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Saturday, June 29, 2013

പൊന്നാനിപ്പാട്ടുകാരനിലേക്ക് .....

കഥകള്‍ പാടി ശീലിക്കുന്നത്                                                അത്യാവശ്യം താളങ്ങളും അത്യാവശ്യം രാഗങ്ങളും ശീലിച്ചാല്‍ ആദ്യം കോട്ടയം കഥകളിലെ കിര്‍മ്മീരവധം കഥയാണു സാധാരണ അഭ്യസിച്ചു തുടങ്ങുക.പതിഞ്ഞ കാലത്തിലുള്ള  പദമാണ് ആദ്യം തുടങ്ങുക. ഗുരുനാഥന്‍ പാടിത്തന്ന അതേ ഭാവത്തോടുംചിട്ടയോടും കൂടി അഭ്യസിച്ച് പല തവണയായി പാടി ഉറപ്പിച്ച ശേഷം തുടര്‍ന്നുള്ള പദങ്ങളും പാടി ഉറപ്പിക്കുന്നു.ആ കഥ പാടാറായാല്‍ കളരിയില്‍ ശങ്കിടി ആയി പരിശീലിക്കുക. അതോടോപ്പം രംഗവിവരങ്ങളും താളം പിടിക്കാനുള്ള പരിശീലനവും ലഭിക്കുന്നു. ഇലത്താളം പിടിച്ചു ശീലിക്കാന്‍ കഴിയുന്നത്ര സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കണം. പാടുന്ന സമയം രണ്ടു ­കൈയിലായി തന്നെ ഇലത്താളം പിടിക്കണം. ഒറ്റക്കൈയിലായി ഇലത്താളം പിടിച്ചാല്‍ താളത്തിന്റെ കാലം നഷ്ടപ്പെടാന്‍ എപ്പോഴും സാദ്ധ്യതയുണ്ട്.മാത്രമല്ല അതു ശരിയുമല്ല.                                                                               ഇങ്ങനെ ഗുരുവിന്റെ ശിക്ഷണവും കളരി പരിശീലനവും നിരന്തരം തുടര്‍ന്നു കൊണ്ടിരിക്കവേ സന്ദര്‍ഭം വരുമ്പോള്‍ തോടയം പുറപ്പാട് മേളപ്പദം എന്നിവ പൊന്നാനി പാടിത്തുടങ്ങാം. വളരെ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടും കൂടി മാത്രമേ ഈ സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാവൂ. വളരെക്കാലം ശങ്കിടി പാടി ശീലിച്ച് അതോടൊപ്പം രംഗ പരിചയം കഥാപരിചയം ചിട്ടകള്‍ സന്ദര്‍ഭങ്ങള്‍ എന്നിവ ഹ്ര്ദിസ്ഥമാക്കിയ ശേഷം മാത്രമേ ഒരു പൊന്നാനിപ്പാട്ടുകാരനായി കളരിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുകയുള്ളൂ.കളരിയില്‍ നിരന്തരമായ പരിശീലനം കൊണ്ടു മാത്രമേ അരങ്ങത്ത് ശങ്കിടിപ്പാട്ടുകാരനായി പ്രവര്‍ത്തിക്കാനാകൂ. അരങ്ങത്ത് ശങ്കിടി പാടി ശീലം വന്ന ശേഷം മാത്രമേ ഒരു പൊന്നാനിപ്പാട്ടുകാരനായി ചുമതല ഏല്‍ക്കാന്‍ കഴിയുകയുള്ളൂ.                                                                കോട്ടയം കഥകള്‍ ,തമ്പിയുടെ കഥകള്‍ എന്നിവയാണു അടിസ്ഥാനമായും ചിട്ടപ്രധാനമായും ഉള്ളത്. മറ്റു കഥകള്‍ ആയതിന്റെ വകഭേദങ്ങളാണു. അല്പം ചില പുതുമകള്‍ ഉണ്ടായേക്കാമെങ്കിലും,അവയെല്ലാം മേല്‍പ്പറഞ്ഞ കഥകള്‍ പാടി ശീലിച്ച ഒരാള്‍ക്ക് പാടി ഉറപ്പിക്കാന്‍ അധികം കഷ്ടപ്പെടേണ്ടതില്ല. ആവര്‍ത്തനങ്ങള്‍ കൊണ്ടും അരങ്ങുകള്‍ കൊണ്ടും സ്വാധീനം വരുത്താവുന്നതേയുള്ളൂ. 

No comments:

Post a Comment