1992ല്‍ നമ്പീശന്‍ എഴുതിയ കുറിപ്പുകള്‍ ആണു ഡയറി കുറിപ്പുകള്‍ എന്ന ലേബലില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. കഥകളി സംഗീതരംഗത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങളും തന്റെ സ്വന്തം നിലപാടുകളും ഇതില്‍ പ്രതിഫലിക്കുന്നു. right to left!

Sunday, June 23, 2013

ഡയറിക്കുറിപ്പുകള്‍

എന്റെ സംഗീതഅഭ്യസനം
ഞങ്ങള്‍ നാലു പേര്‍ (മാടമ്പി ,ഹൈദരാലി ,എമ്പ്രാന്തിരി ,ഞാന്‍ )കലാ മണ്ഡല ത്തില്‍ കഥകളി സംഗീത വിദ്യാര്ത്ഥി കളായി ചേര്‍ന്നു .ചിലര്‍ ഗീതങ്ങളും ചിലര്‍ വന്ദന ശ്ലോകവും ചിലര്‍ സിനിമാഗാനവുമാണ് സെലെക്ഷന് പാടിയത്‌ .ഗുരുനാഥന്മാര്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ ആശാന്‍ , ശിവരാമന്‍ നായര്‍ആശാന്‍ , കാവുങ്ങല്‍ മാധവ പണിക്കര്‍ആശാന്‍ .മാടമ്പിയും ഞാനും ഒരേ ദിവസമാണ് (..1957 ആഗസ്റ്റ്‌ 14 )ചേര്‍ന്നത് .
  മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുമൊത്ത്
കാലത്ത്‌ മൂന്നു മണിക്ക്‌ എഴുന്നേല്കണം .ആറുമണി വരെ സാധകം .സപ്ത സ്വരം ,ഗീതം തോടയം എന്നിവയാണ് സാധകം ചെയ്യുക .എട്ട്മുപ്പതു മുതല്‍ പന്ത്രണ്ടു മുപ്പതു വരെ ഇരുന്നു പഠിക്കല്‍.മൂന്നു മുപ്പതു മുതല്‍ അഞ്ച് മുപ്പതു വരെ ഇരുന്നു ക്ലാസ്‌ .രാത്രി ഏഴ് പതിനഞ്ച് മുതല്‍ എട്ട് മുപ്പത്‌ വരെ അക്ഷരം തോന്നിക്കല്‍(കഥയുടെ പദങ്ങള്‍) .ഓരോ വിദ്യാര്‍ഥിയെയും ഒറ്റയ്ക്കൊറ്റക്ക്‌ പാടിച്ച് തെറ്റ് തിരുത്തിയിരുന്നു .മാസങ്ങളോളം നാലു നേരവും ഈ വിധം ക്ലാസുകള്‍ കൊണ്ടാണ് തോടയവും വന്ദന ശ്ലോകവും അഭ്യസിച്ചത്‌ .തെറ്റുകള്‍ വന്നാല്‍ ചൂരല്‍ കൊണ്ടുള്ള ശിക്ഷ .ശിക്ഷയെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചോദ്യം ചെയ്തിരുന്നില്ല .ക്ലാസ് കഴിഞ്ഞ സമയങ്ങളില്‍ രക്ഷിതാവിന്റെ സ്നേഹവും പെരുമാറ്റവുമാണ് അന്നത്തെ അദ്ധ്യാപകരില്‍ നിന്നും ഞങ്ങള്‍ക്ക്‌ കിട്ടിയിരുന്നത്.നല്ല ഉപദേശങ്ങളും നിര്‍ദേശങ്ങളും കിട്ടിയിരുന്നു. ഞങ്ങള്‍ അതു അനുസരിച്ചിരുന്നു.                                                                                      തോടയവും വന്ദനശ്ലോകവും ഏകദേശം പാടാറായപ്പോള്‍ കളരിയില്‍ പാടാനായി അയക്കാന്‍ തുടങ്ങി.ആശാന്മാരോ സീനിയര്‍ പാട്ടുകാരോ പാടുന്നതിന്റെ കൂടെ താളം പിടിച്ച് പാടിത്തുടങ്ങും.പലപ്പോഴും തെറ്റും. തല്ലു കിട്ടും.പേടിച്ചു വിറച്ചാണു കളരിയില്‍ ചെല്ലുന്നതു തന്നെ.കളരിയില്‍ പാടിക്കഴിഞ്ഞാലുടനെപാട്ടുക്ലാ‍സില്‍ എത്തണം.
പുറപ്പാടാണ് ഇനി പഠിക്കാനുള്ളത് .കൂടെ മേളപ്പദവും.അതും കുറെ മാസങ്ങളോളം നീണ്ടു നിന്നു.ഞങ്ങള് ഓരോരുത്തരും അവശരായി തുടങ്ങി .പുതിയ ചുറ്റുപാടും അനുഭവങ്ങളുമാണല്ലോ .ഉച്ച ഭക്ഷണം കഴിഞ്ഞാല് ഉടന് സാഹിത്യ ക്ലാസില് പോകണം .സാഹിത്യ ക്ലാസിലെത്തുന്ന ഞങ്ങളുടെ തലയിലപ്പോള്‍  അടുത്ത കളാസിനെ കുറിച്ചുള്ള  കാര്യങ്ങള്‍ ആയിരിക്കും .പഠിച്ചത് പാടിക്കും .തെറ്റിയാല്‍ .... എട്ടു മുപ്പതിന് ഭക്ഷണം കഴിഞ്ഞു വന്നാല്‍ പിറ്റേന്നത്തേക്കുള്ള പാഠം പഠിച്ചു കഴിയുമ്പോള്‍  മണി പത്തര.ഒരു ഉറക്കം കൊണ്ട് മൂന്നു മണിയാവും .അലാറം കേട്ട് ഉണര്ന്നില്ലെങ്കില്‍  ചൂരല് പ്രയോഗമാണു .അത് ഇടയ്ക്കു തരപ്പെടാറുണ്ട് .അതിനാല്‍ മൂന്ന് മണിക്ക് മുമ്പ് തന്നെ ഭയന്ന് ഉണര്‍ന്നു  സാധക ക്ലാസിലെത്തും.സാധകത്തിനു നമ്പീശനാശനാണ് വരുന്നതെങ്കില്‍  കൂടുതല്‍ പേടിയാണ് .ഒറ്റയ്ക്ക് ഒറ്റയ്ക്ക് നാല് കാലത്തില്‍ പാടിക്കും .സാധകം ചെയ്യുന്നതിന്റെ പാണി(ശൈലി) ആശാന്‍ തന്നെ കാണിച്ചുതരും .അത് പോലെ വന്നു കൊള്ളണം .കുറുമ്പ് കാട്ടിയാല് പിന്നെ പറയണ്ട.ആരോടുംപക്ഷാഭേദമില്ല. ആറുമണിയാവുമ്പോഴേക്കും ക്ഷീണിക്കും .പിന്നെ ഓടിച്ചെന്നു ഭാരതപ്പുഴയില് കുളി.എഴരയ്ക്ക്  കഞ്ഞി കുടി .എട്ടു മുപ്പതിന് വീണ്ടും ക്ലാസ്

.അരങ്ങേറ്റം തീര്ച്ചയാക്കി. മാടമ്പി പൊന്നാനി,ഞാന് ശങ്കിടി. പുറപ്പാടും മേളപ്പദവും.കുറെ ദിവസങ്ങളോളം പ്രത്യേക റിഹേഴ്സലിനു ശേഷം  അരങ്ങേറ്റം കഴിഞ്ഞു.ഇനിയാണ് കഥകള് പഠിക്കുന്നത്. ആദ്യമായി കോട്ടയം തമ്പുരാന്റെ കിര്മീരവധം. അക്ഷരം ഒരു വിധം പഠിച്ചിട്ടുണ്ട്. പതിഞ്ഞ താളത്തിലും കാലത്തിലും പഠിച്ചു തുടങ്ങി.പാട്ടിന്റെ ശ്രുതിയുടെയും താളത്തിന്റെയും അടിയുടേയുംശബ്ദം മാത്രം.  അടിയുടെ ശബ്ദം മുഴച്ചു നില്‍ക്കും -അത് താളത്തില് ആയിരിക്കില്ല.അപ്പോഴത്തെ ക്ഷോഭത്തിനനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. തല്ലു വാങ്ങാതിരിക്കാന്‍ മത്സരിച്ചായിരുന്നു കഥകള് പഠിച്ചിരുന്നതും പാടി ഉറപ്പിച്ചിരുന്നതും .പഠന കാര്യത്തില്‍  മാത്രമായിരുന്നു മത്സരം.മറ്റു കാര്യങ്ങളില്‍ ആത്മ ബന്ധത്തോടെയാണ് കഴിഞ്ഞിരുന്നത് .സംശയങ്ങള്‍ അന്യോന്യം ചോദിച്ചു മനസ്സിലാക്കിയിരുന്നു. ആയതില്‍  ഞങ്ങള്‍ക്ക്  ഇന്നും ക്രിതാര്‍ഥത  ഉണ്ട് .ഞങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് എട്ടു വര്‍ഷത്ത്  കോഴ്സ് പൂര്തിയാക്കി.ഫസ്റ്റ് ക്ളാസോടെ ജയിക്കുവാന് കഴിഞ്ഞു. ആ സര്ടിഫികട്ടിനു വിലയുണ്ടോ ഇല്ലയോ എന്നസംശയം മാത്രം ബാക്കി.                 

കോട്ടയം കഥകള്‍  നാലും ,തമ്പിയുടെ കഥകളും ചൊല്ലിയാട്ടം പതിവുള്ള മറ്റു കഥകളും ഞങ്ങള്‍ പഠിച്ചു. കിര്‍മ്മീര  വധം ,കാലകേയ വധം എന്നിവ നമ്പീശന്‍ ആശാനും ബകവധം കല്യാണ സൌഗന്ധികം എന്നിവ ശിവരാമന്‍ നായര്‍ ആശാനും നടപ്പില്ലാത്ത ഭാഗങ്ങള്‍ അടക്കമുള്ള തോരണ യുദ്ധം ,ബാലിവിജയം എന്നിവ മാധവപ്പണിക്കര്‍ ആശാനുമായിരുന്നു പഠിപ്പിച്ചിരുന്നത് .
                                        അന്ന് ഈ ഭാഗങ്ങളില്‍  നമ്പീശന്‍ ആശാന്‍ ,നെടുങ്ങാടി എന്നിവര് അരങ്ങു നിറഞ്ഞിരുന്ന കാലം ആയിരുന്നു .ഞങ്ങളെ കളിക്ക് കൊണ്ട് പോവുക പതിവാക്കി.പാടാന്‍ അല്ല .സന്ധ്യക്കേളിക്കു താളം പിടിക്കണം .ഹാര്‍മോണിയം മീട്ടണം .ആശാന്മാര്‍ക്ക്  ചുക്കു വെള്ളം ചായ ,മുറുക്കാന്‍, സോഡാ എന്നിവ ആവശ്യസമയങ്ങളില്‍ എത്തിക്കണം . ഞങ്ങള്‍ മാറി മാറി ആശാന്മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു ചെയ്തു. പാടിപ്പിച്ച കഥകളാണെങ്കില്‍ ശ്ലോകം ചൊല്ലുന്ന സമയത്ത് പൊന്നാനി ശങ്കിടി രണ്ട് വരി കഴിഞ്ഞാല് മൂന്നാം വരി ഹാര്‍മോണിയം മീടുന്ന പാട്ട് വിദ്യര്ഥിക്ക് ആണ് .മൂന്നാം വരിയും ഉരുവിട്ട് ഊഴം കാത്തു നില്കും .അറിയാതെ വന്നാല്‍  അവിടെ വെച്ച് ചേങ്കില ക്കോല് കൊണ്ടുള്ള ഒന്നോ രണ്ടോ തീര്‍ച്ച .അതും പേടിച്ചാണ് നില്പ്. അഥവാ തോന്നിയാല്‍  പോലും പഠിപ്പിച്ച രീതിയില്‍ പാടാന്‍ പറ്റിയെന്നു വരില്ല .കാരണം പരിഭ്രമം തന്നെ.ഒച്ചയും വരില്ല.പ്രത്യേകിച്ച് ആശാന്റെ ശബ്ദമെവിടെ ,ഞങ്ങളുടെ ശബ്ദമെവിടെ! കൈ കുഴഞ്ഞും കാല് കുഴഞ്ഞും നേരം വെളുക്കും. ഇങ്ങനെ കളികള്‍ തുടര്‍ന്നു. പിന്നെ ,ഞങ്ങള്‍ക്ക്സീനിയര്‍മാരോടൊപ്പം മൂന്നാം പാട്ടുകാരയോ , രണ്ടാം പാട്ടുകാരയോ പോകാന്‍ സാധിച്ചു തുടങ്ങി.അതിനു സന്ദര്‍ഭം കിട്ടാനായി അറിയാത്ത കഥകള്‍  വാശിയില്‍ ഒരു രാത്രി  കൊണ്ടൊക്കെ   മന: പാഠമാക്കി  ഉറപ്പു വരുത്തി  തയ്യാറായി  ,സിനിയര്‍മാരുടെ കൂടെ കളിക്ക് പോയി തുടങ്ങി. പാട്ടുകാരന്‍ ആയിട്ടല്ല.പാടിയത് ഏറ്റു പാടാന്‍ കുറേശെ കഴിയും എന്നേ ഉള്ളു.
കളിക്കാലം ആകുന്നതിനു മുമ്പ് രാത്രിയില് ചൊല്ലിയാട്ടം ഉണ്ട് .വേഷക്കാര് വേഷം കെട്ടാതെ തലയില് ഒരു ശീലയും നെറ്റി നാടയും കാലില് കച്ചമണിയുംകെട്ടി ചൊല്ലിയാടും അലറേണ്ടുന്ന കത്തി വേഷങ്ങളുടെ സമയങ്ങളില്‍ അലറാന്‍ ആശാന്മാര്‍ ശീലിപ്പിക്കും.സ്റ്റേജില്‍ എന്ന പോലെ ഇലത്താളവും ചേങ്ങിലയും ഉപയോഗിച്ച് താളം പിടിച്ച് പാടും .പാട്ടുകാരാശന്മാരും മേളക്കാര്‍ ആശാന്മാരും നേതൃത്വം നല്കും .വേഷക്കാരന്‍ ആശാന്‍ ചൊല്ലിയാടിക്കും.ഒരു കഥ കഴിയുന്ന സമയം വരെ ആയിരുന്നു ഇത്.ഈ സമയങ്ങളില്‍ തെറ്റ് തിരുത്തല്‍ കൂടുതല്‍ കര്‍ശനം ആവും .ഇന്നും അതെല്ലാം മനസ്സില്‍ തെളിഞ്ഞു വരുന്നു .
ഇതിനിടയില്‍ അരങ്ങത്ത് കൂടുതല്‍ സന്ദര്‍ഭങ്ങള്‍  കിട്ടാന്‍ തുടങ്ങി .പുതിയ തലമുറക്കാര്‍ക്ക്  പരിചയ സിദ്ധിക്കായി മൈനര്‍ സെറ്റ് എന്നപേരില്‍  ട്രൂപ്പ് ഉണ്ടായിരുന്നു .വളരെ അച്ചടക്കത്തോടെ ആയിരുന്നു അത് നടത്തിയിരുന്നത് .ഇന്നത്തെ പ്രസിദ്ധരായ പലരും ആ ട്രൂപ്പിലെ ആദ്യവസനക്കാരായിരുന്നു .ഞങ്ങള്‍ക്ക്  ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നു .അദ്ധ്വാനത്തിന്റെ ഫലമായി പുറം പരിപാടികള്‍ക്കും അവസരം കിട്ടിത്തുടങ്ങി .ആശാന്മാരുടെ ആശിര്‍വാദത്തോടെ പരിപാടികള്‍ക്ക് പോയിത്തുടങ്ങി .
വെക്കേഷന്‍ അടുത്താല്‍  വടക്കെ മലബാറില്‍ നിന്ന് -പറശ്ശിനിക്കടവ്  കളി യോഗത്തില്‍  നിന്ന് പാട്ടു കാരെ ആവശ്യപ്പെട്ടു ഗുരുനാഥനെ സമീപിക്കും .എന്നെയും ഒരു സഹായിയെയും കൊണ്ട് പോകാറുണ്ട് .എല്ലാ വര്‍ഷവും ഇത് പതിവായിരുന്നു .അവിടെ സ്റ്റേജ് പരിചയം കൂടുതല് കിട്ടും എന്നതിനാലാണ് ഞങ്ങളെ ഗുരുനാഥന്‍ പറഞ്ഞയച്ചിരുന്നത് .ഇന്ന് പ്രസിദ്ധി ഉള്ളവരാണ് അന്ന് എന്റെ കൂടെ പാടിയിരുന്നത് .ഞങ്ങളുടെ പാട്ട് കേള്‍ക്കണമെന്ന താല്പര്യത്തില്‍ അതിനനുസരിച്ച കഥകള്‍ ഏതെങ്കിലും നിശ്ചയിക്കാറുണ്ട്.അവിടത്തെ സ്ഥിരം പാട്ടുകാര്‍  ഞങ്ങളുടെ സാന്നിദ്ധ്യം ഇഷ്ടപ്പെട്ടിരുന്നില്ല .എങ്കിലും ഞങ്ങള്‍ വളരെ അച്ചടക്കത്തോടെആണ് ട്രൂപ്പില്‍ പെരുമാറിയിരുന്നത് .ഞങ്ങളെ ഒഴിവാക്കാന്‍ ഞങ്ങള്‍ക്ക്  സ്വാധീനം ഇല്ലാത്ത കഥകള്‍ നിശ്ചയിപ്പിക്കും .എന്നാലും പുറപ്പാടും മേളപ്പദവും പാടാനുള്ള അവസരം ട്രൂപ്പ് മാനജര്മാര്‍ ഉണ്ടാക്കി തരും. വളരെ നല്ല പെരുമാറ്റവും മറ്റു വേണ്ട സൌകര്യങ്ങളും നല്‍കി അവര്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.
തിരൂര്‍ നമ്പീശന്‍ ,കലാമണ്ഡലം കൃഷ്ണന്‍ കുട്ടി നമ്പീശന്‍(ഗായകന്‍ )മഞ്ചേരി ശങ്കരനാരായണന്‍ (വേഷം)


വടക്കെ മലബാറില്‍  പത്തും ഇരുപതും നാഴിക നടന്നാണ് ഓരോ കളിസ്ഥലത്തും എത്തുക .പഴയ സമ്പ്രദായം അനുസരിച്ച് ഉച്ചക്ക് എത്തുമ്പോള്‍  കഞ്ഞിയും പുഴുക്കും പകലൂണും   വിസ്തരിച്ചു വാക തേച്ചു കുളിയും പുലരും വരെ കളിയും വീണ്ടും യാത്രയും അനുഭവിച്ച് അറിഞ്ഞിട്ടുണ്ട് .മേടമാസത്തോടെ കളിയോഗത്തിന്റെ പെട്ടി വച്ച് കളി കഴിഞ്ഞാല്‍  ഞങ്ങളെ മടക്കി അയക്കും .വീണ്ടും കലാമണ്ഡലത്തില്‍. .അങ്ങനെ എട്ടു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി പുറത്തു കടന്നു .                                                                    വര്‍ഷം തോറും സംഘം സംഘമായി കോഴ്സ് പൂര്‍ത്തിയാക്കി ഓരോ വിഭാഗത്തിലേയും കൊച്ചു കലാകാരന്മാര്‍ പുറത്തുവന്നുകൊണ്ടിരുന്നു.                                                    കാലം മാറി. ഭരണങ്ങള്‍ മാറി .ആചാര്യന്മാര്‍ സ്ഥാപനത്തോട് വിട പറഞ്ഞു.യുവകലാകാരന്മാര്‍ പ്രവര്‍ത്തി സാദ്ധ്യത അന്വേഷിച്ചൂ നീങ്ങി.പലരും പല തട്ടുകളില്‍ ചെന്നു പറ്റി.ഒരു വഴിയും കാണാതെ ചിലര്‍ ജീവന്‍ വെടിഞ്ഞു. ചിലര്‍ തൊഴില്‍ വെടിഞ്ഞു.സ്ഥാപനം അതിന്റെ കര്‍മ്മം തുടര്‍ന്നു.പക്ഷെ സ്ഥാപനത്തില്‍ നിന്നും പുറത്തു വന്ന കലാപ്രതിഭകള്‍ ഏതു വഴിക്കു തിരിയുന്നു-അവരെ ഏതു വഴിക്കു തിരിച്ചു വിടണം-നേര്‍വഴി കാണിച്ചു കൊടുത്തില്ലെങ്കിലുള്ള ഭവിഷ്യത്ത് ഇതൊന്നും ആരുംശ്രദ്ധിച്ചില്ല.അധിക്ര്തര്‍ പോലും ഒന്നും ചിന്തിച്ചില്ല.                                                                            ഇത്രയും ത്യാഗവും ശിക്ഷണവും സഹിച്ച് 8 വര്‍ഷത്തോളം പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുന്ന ഒരുവന്‍ പെട്ടെന്നു പുറത്തു കടന്നാല്‍ എന്താണു ചെയ്യേണ്ടതെന്നറിയാതെ അന്തം വിട്ടു നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രയോജനമില്ലാതെ മരവിച്ചു പോകുന്നതിനു ആര്‍ക്കും ആരോടും ഉത്തരവാദിത്ത്വം ഇല്ലേ?   സ്ഥാപനങ്ങളില്‍ ശീലിച്ച കാര്യങ്ങള്‍ക്കു പലപ്പോഴുമൊരു വിലയും ഇല്ലാതാകുന്നു.മറ്റൊരു ജോലിയില്‍ പരിചയം ഇല്ല.മറ്റൊരു തൊഴില്‍ ചെയ്യാന്‍ മനസാക്ഷി അനുവദിക്കുകയുമില്ല . അത് അയാളുടെ കുറ്റമല്ല. ഇതിനു ഒരു പരിഹാരത്തിനായി ആവശ്യക്കാര്‍ സംഘടിച്ച് അധിക്രുതരെ  സമീപിച്ചു. ഒരു ഫലവും ഇന്നു വരെ ഉണ്ടായിട്ടില്ല.


1 comment:

  1. ഹൃദ്യമായ ഡയറിക്കുറിപ്പ്

    ReplyDelete