ജീവചരിത്രം
മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ തൃക്കണ്ടിയൂര്‍ അംശം മുത്തൂര്‍ ദേശത്ത് പുളിയില്‍ കേശവന്‍ നമ്പീശന്റെ അനുജന്‍ പുളിയില്‍ ദാമോദരന്‍ നമ്പീശന്റെയും നങ്ങേലി ബ്രാഹ്മണി അമ്മയുടെയും മകനായി 1116 ചിങ്ങം 10 നു ചിത്ര നക്ഷത്രത്തില്‍ ജനനം .നാരായണന്‍ നമ്പീശന്‍ എന്നാണ് പേര്.തിരൂര്‍ നമ്പീശന്‍ എന്ന പേരില്‍ അറിയപ്പെടുന്നത് കഥകളിയോട് ബന്ധപ്പെട്ടപ്പോഴാണ് .
പാരമ്പര്യമായി കലാ അഭിരുചിയുള്ള തറവാട്. പിതാവ് ദാമോദരന്‍ നമ്പീശന്‍ നാടകം ,സംഗീതം തുടങ്ങിയവയില്‍ വളരെ തല്പരനായിരുന്നു .അമ്മാമന്‍ ശങ്കരപുരത്ത് ശങ്കുണ്ണി നമ്പീശന്‍ സംഗീതജ്ഞന്‍ ആയിരുന്നു .
പിതാവ് ദാമോദരന്‍ നമ്പീശന്‍ അദ്ദേഹത്തിന്റെസുഹൃത്ത് ആയിരുന്ന എന്‍ .കെ വാസുദേവ പണിക്കരില്‍ നിന്നും സംഗീതാഭ്യസനം നടത്തിയിരുന്ന കാലം .തിരൂര്‍ നമ്പീശനും മൂത്ത സഹോദരി ഉമാദേവിയും പിതാവിന്റെ കൂടെ വാസുദേവ പണിക്കരില്‍ നിന്നും സപ്ത സ്വരങ്ങളും ഗീതങ്ങളും വര്‍ണങ്ങളും അഭ്യസിച്ചു .അങ്ങനെ എട്ടാംവയസ്സില്‍ സംഗീത ലോകത്തേക്ക് പ്രവേശിച്ചെങ്കിലും അമ്മയുടെ ദുര്‍മരണത്തെ തുടര്‍ന്നുള്ള മാനസിക ആഘാതം സംഗീത അഭ്യസനത്തിനുപ്രതിബന്ധമായി .
തിരൂര്‍ ബോയ്സ് ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം .അമ്മയുടെ മരണം ,ഏറെ താമസിയാതെ പിതാവിന്റെ മരണം ,അനുജന്മാരുടെ മരണം ഇവയെല്ലാം ആ ബാലമനസ്സിനെ വല്ലാതെ ഉലച്ചു .എങ്കിലും പഠന കാലത്ത് വിദ്യാലയത്തില്‍ പഠനത്തോടൊപ്പം തന്നെ കലാ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ തന്നെ ആയിരുന്നു . കുട്ടിയുടെ സംഗീത വാസന ആദ്യമേ തന്നെ മനസ്സിലാക്കിയ ആദ്യ ഗുരുനാഥന്‍ വാസുദേവ പണിക്കര്‍ തന്നെ ആണ് നമ്പീശനെ കഥകളി സംഗീത രംഗത്തേക്ക് തിരിച്ച് വിട്ടത് .അങ്ങനെ തേര്‍ഡ്ഫോംവിദ്യാര്ത്ഥി ആയിരിക്കുമ്പോള്‍ തറവാട്ടുകാരുടെ എതിര്‍പ്പിനിടയിലും നമ്പീശന്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു.കുലത്തൊഴില്‍ ആയിരുന്ന കഴകം ഉപേക്ഷിച്ച് സംഗീത ലോകത്തേക്കുള്ള യാത്രയായിരുന്നു അത് .1957 ആഗസ്റ്റ് പതിനാലാം തിയ്യതി നമ്പീശന്‍ മാടമ്പിക്ക് ഒപ്പം കേരള കലാമണ്ഡലത്തില്‍ സംഗീത വിദ്യാര്ത്ഥി ആയി ചേര്‍ന്നു.ഹൈദരാലി,ശങ്കരന്‍ എംബ്രാന്തിരി ,എന്നിവരും ആ വര്‍ഷം തന്നെ ആണ് ചേര്‍ന്നത്. അന്ന് കഥകളി സംഗീതത്തിലെ ഗുരു നാഥന്‍മാര്‍ സര്‍വശ്രീ കലാമണ്ഡലം നീലകണ്ടന്‍നമ്പീശന്‍ ,ശിവരാമന്‍ നായര്‍,കാവുങ്ങല്‍ മാധവ പണിക്കര്‍ ,എന്നിവര്‍ ആയിരുന്നു .പ്രഗല്‍ഭരായ ഗുരുനാഥന്‍മാരുടെ കീഴില്‍ എട്ടു വര്ഷത്തെ കഠിനവും അടിസ്ഥാന പരവുമായ ശിക്ഷണത്തില്‍ ഒന്നാം ക്ലാസ്സോടെ പാസായി .1965.ഇക്കാലത്താണ് നാരായണന്‍ നമ്പീശന്‍ ,തിരൂര്‍ നമ്പീശനയത് .ദുരന്തങ്ങള്‍ കൂടപ്പിറപ്പായിരുന്നു എന്നുതന്നെ പറയാം .കലാമണ്ഡലത്തില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്തു നമ്പീശന്റെ ഇളയ സഹോദരി ആയിരുന്ന ശ്രീദേവിയും ദുര്‍മരണത്തിന് ഇരയായി .നിരന്തരമായ ആഘാതങ്ങള്‍ക്ക് മീതെ ഇതു കൂടി ആയപ്പോള്‍ മാനസികമായി ആകെ തളര്‍ന്നു. ഇതോടൊപ്പം കലാരംഗത്ത് അനുഭവിക്കേണ്ടി വന്ന തൊഴുത്തില്‍ കുത്ത് .എല്ലാം അതിജീവിച്ച് പിടിച്ചു നില്‍കാന്‍ മദ്യവുമായി ബന്ധപ്പെട്ടു.അങ്ങനെ ഒരു ദുര്‍ബല നിമിഷത്തില്‍ പിടിച്ചു നില്‍കാന്‍ വേണ്ടി രഹസ്യമായി തുടങ്ങിയദുശ്ശീലവും മുതലെടുക്കാന്‍ ആളുണ്ടായി. കലാമണ്ഡലത്തിലെ പഠനം പൂര്‍ത്തിയാക്കി ഏറെത്താമസിയാതെ വിവാഹിതന്‍ ആയി .൧൯൬൫ സൌദാമിനി ബ്രാഹ്മണി അമ്മ ആണ് ഭാര്യ .കോഴ്സ് കഴിഞ്ഞു പുറത്തിറങ്ങിയ സഹപാഠികളില്‍ പലരും പല തട്ടുകളില്‍ ചെന്നു പറ്റി .നമ്പീശന്‍ ഒഴുക്കില്‍ ഏകനായിരുന്നു .പിന്നീട് ജീവിതത്തെയും കലയെയും ഒരുമിച്ച് കൊണ്ടു പോകാനുള്ള വ്യഗ്രതക്കിടയില്‍ ബോംബെ ,ഡല്‍ഹി ഇന്റര്‍നാഷനല്‍ കഥകളി സെന്റെര്‍ ,പേരൂര്‍ ഗാന്ധി സേവാ സദനം ,ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം ഇരിങ്ങാലക്കുടകേരള കലാമണ്ഡലം ,തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു.കലാമണ്ഡലം നീലകണ്ടന്‍ നമ്പീശന്റെ ശിഷ്യന്‍ എന്ന നിലക്ക് അദ്ദേഹത്തോടോപ്പവും,അതിലധികം ഉണ്ണികൃഷ്ണ കുറുപ്പിന് ഒപ്പവും പ്രവര്ത്തിച്ചു. കുറുപ്പ് തിരൂര്‍ നമ്പീശന്‍ കൂട്ടുകെട്ട് കച്ചേരി/കളി അക്കാലത്തെ ജനഹൃദയങ്ങളെ അത്യധികം ആകര്‍ഷിച്ചിരുന്നു .ആ സംഗീതത്തിന്റെ അലകള്‍ ഇന്നും സഹൃദയ മനസ്സില്‍ നിലനില്ക്കുന്നു.ഓഡിയോ കാസെറ്റുകള്‍ ഇറക്കിയിട്ടില്ലെന്കിലും പല കഥകളി സ്നേഹികളുടെയും ഗാനശേഖരത്തില്‍ നിധി പോലെ ആ കച്ചേരി ഉണ്ട്. .നമ്പീശന്‍ അടിസ്ഥാന കഥകളി സംഗീതത്തില്‍ അടിയുറച്ചു വിശ്വസിച്ചു .അതില്‍ അല്പം പോലും മായം കലരുന്നത് തീരെ സഹിച്ചിരുന്നില്ല .1978 മുതല്‍ പാലക്കാട് ജില്ലയില്‍ ശ്രീകൃഷ്ണപുരത്ത് ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബ സമേതംതാമസം ആക്കിയിരുന്നു .കഥകളി സീസണില്‍ മറ്റു പുറം കളികള്‍ക്ക് പന്കെടുക്കുന്നതിനോപ്പം പറശ്ശിനി കളിയോഗത്തിന്റെ കളികള്‍ക്കും നമ്പീശന്‍ അവസാനം വരെയും പങ്കെട്ത്തിരുന്നു.പെരിങ്ങോട് കഥകളി പ്രൊമോഷന്‍ സൊസൈടിയുടെ കീഴില്‍ പ്രവര്‍ത്തിച്ച കാലത്ത് പൂമുള്ളി വാസുദേവന്‍ നമ്പൂതിരിപ്പാടിനെ പഠിപ്പിച്ചതും അത് വഴി സംഗീതജ്ഞന്‍ ആയിരുന്ന പൂമുള്ളി രാമന്‍ നമ്പൂതിരിപ്പാട് ,അറിവിന്റെ തമ്പുരാന്‍ ആറാം തമ്പുരാന്‍ എന്നിവരുമായി ഉണ്ടായിരുന്ന ബന്ധം അദ്ധേഹത്തിന്റെ സംഗീത ജീവിതത്തിന്റെ മുതല്‍ക്കൂട്ടായി അദ്ദേഹംകരുതി .എന്നും ഇടതു പക്ഷ അനുഭാവി ആയിരുന്ന അദ്ദേഹം പുരോഗമനപരമായ കാഴ്ചപ്പാട് പുലര്‍ത്തിയിരുന്നു.പുരോഗമന കല സാഹിത്യ സംഘം പ്രവര്‍ത്തനങ്ങളോട് സഹകരിച്ചിരുന്ന അദ്ദേഹം പക്ഷെ കലാകാരന്‍ എന്ന നിലയില്‍ സ്വതന്ത്രനായി നില്ക്കാന്‍ ഇഷ്ടപ്പെട്ടു . ശ്രീ ഇയ്യന്കോട് ശ്രീധരന്‍ രചിച്ചമാനവ വിജയം കഥകളിയില്‍ നമ്പീശന്‍ പ്രധാന ഗായകന്‍ ആയിരുന്നു.ശ്രീ കുന്ച്ചുവേട്ടന്റെ നേതൃത്വത്തിലുണ്ടായിരുന്ന യുവജന കഥകളി സംഘത്തിലും നമ്പീശന്‍ പൊന്നാനി എന്ന നിലയില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌സംഗീതജ്ഞന് പുറമെ നല്ല ഒരു വായനക്കാരന്‍ കൂടി നമ്പീശനില്‍ ഉണ്ടായിരുന്നു.പുസ്തകങ്ങള്‍ ഇല്ലാതെ ഒരു ദിവസം പോലുംകഴിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.കൃഷിസ്നേഹം,പൂചെടിപ്രേമം ,മൃഗസ്നേഹം,ദേഷ്യം,നേരെ വാ നേരെ പോ ഭാവം,തുടങ്ങിയ നമ്പീശന്റെ വിവിധ മുഖങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത വൃന്ദത്തിന് മാത്രംസ്വന്തമാണ്.എക്കാലത്തേയും പോലെ വിധി അദ്ദേഹത്തോട് നീതി കാട്ടിയില്ല .ഒരു കലാജീവിതത്തിന്റെ ശോഭയാര്‍ന്ന പ്രകടനത്തിനുള്ള ഉചിതമായ സമയത്ത് ഒരു പക്ഷെ അതിന് തൊട്ടു മുന്‍പായി വിധി അദ്ദേഹത്തെ അണിയറയിലേക്ക് വിളിക്കുക ആയിരുന്നു .അമ്പതിനലാമത്തെ വയസ്സില്‍ 1994 അഗസ്റ്റ് പത്തിന് അദ്ദേഹം കാല യവനികക്ക് ഉള്ളില്‍ പോയ് മറഞ്ഞു .എങ്കിലും ആ പുഞ്ചിരി,ആ സൌഹൃദം ,ആ ഗാന വശ്യത ,ആ തന്റേടം ,അരങ്ങു നിയന്ത്രണം ,എല്ലാം ഇന്നും കണ്മുന്നില്‍ തെളിഞ്ഞു നില്ക്കുന്നു .
No comments:
Post a Comment